Kerala
തൊടുപുഴ: ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ കേരള കോൺഗ്രസുകൾ തമ്മിലുള്ളൂ എന്നും കേരള കോൺഗ്രസ്-എം തിരിച്ചെത്തിയാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കുമെന്ന് അപു ജോൺ ജോസഫ്.
മടങ്ങിവരവിനു തെറ്റ് ഏറ്റുപറയേണ്ടതില്ല. നിയമസഭയിൽ അവരുടെ പ്രതിനിധി ഇല്ലാത്തത് ദുഃഖകരമായ കാര്യമാണ്. അവർ തിരിച്ചുവരണമെന്നും കേരളത്തിൽ നിലനിൽക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭരണത്തിൽ, അർഹതപ്പെട്ട സ്ഥാനം കേരള കോൺഗ്രസിനു ലഭിക്കുമെന്നും അപു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിൽ വിട്ടുവീഴ്ച ചെയ്ത ഏക പാർട്ടി കേരള കോൺഗ്രസാണ്. അതിന്റേതായ പരിഗണന മന്ത്രിസഭയിലും ലഭിക്കും.
കർഷകരുടെ വേദന അറിയുന്ന പ്രസ്ഥാനമെന്ന നിലയിൽ കൃഷിവകുപ്പ് പാർട്ടി ഏറ്റെടുക്കണമെന്നാണ് തന്റെ ആഗ്രഹം. എത്ര മന്ത്രിസ്ഥാനം വേണമെന്നതു ചെയർമാൻ തീരുമാനിക്കുമെന്നും അപു പറഞ്ഞു.
District News
തൊടുപുഴ: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തൊടുപുഴയുടെ വികസനത്തിന് പ്രത്യേക പദ്ധതിക്കു രൂപം നല്‍കുമെന്ന് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ് പറഞ്ഞു. തൊടുപുഴയില്‍ ലഭ്യമായ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ആരു മന്ത്രിയായാലും അവര്‍ സംസ്ഥാനത്തിന്റെ മന്ത്രിയാണ്. പി.ജെ. ജോസഫ് ഈ രീതിയിലാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍, നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തിനു യാതൊരു ഫണ്ടും നല്‍കാത്ത സാഹചര്യമായിരുന്നു. കാഞ്ഞിരമറ്റം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ പണം അനുവദിക്കുമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ പണം നല്‍കിയില്ല. തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനെക്കാള്‍ ഓരോ പഞ്ചായത്തിനും ഓരോ കളിക്കളം എന്നതാണ് ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട പാറമടകളില്‍ മണ്ണു നിറച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള സാധ്യത സംബന്ധിച്ച് പഠനം നടത്തും.
സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് തൊടുപുഴയില്‍ കുടിവെള്ളപ്രശ്നം വളരെ കുറവാണ്. എവിടെയെങ്കിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ശ്രമിക്കും. തൊഴില്‍, കാര്‍ഷിക മേഖലകള്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള വികസനം നടപ്പാക്കും. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്കുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ സ്ഥാപിച്ച് അതിന്റെ സംസ്കരണം, വിപണനം, കയറ്റുമതി തുടങ്ങിയവ വികസിപ്പിക്കും. പല മേഖലകളിലായി കര്‍ഷക സാശ്രയ സംഘങ്ങളും സൊസൈറ്റികളും സ്ഥാപിച്ച് അവ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തനം.
തൊഴില്‍ ഇല്ലാത്തതു മൂലം വിദേശത്തേക്കു പോകുന്ന ഒട്ടേറെ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ നല്കാന് കഴിയുന്ന സംരംഭങ്ങള്‍ കൂടിയാകുമിത്. തൊടുപുഴയില്‍ ഒട്ടേറെ ഫാം സ്റ്റേകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അത് മുന്നില്‍ക്കണ്ട് കൂടുതല്‍ സംരഭങ്ങള്‍ക്ക് സഹായം നല്‍കും. ഇതു ടൂറിസം മേഖലയ്ക്കും ഉണര്‍വ് നല്‍കും.
സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് റാമോജി റാവു മോഡലില്‍ ഫിലിംസിറ്റി സ്ഥാപിക്കാനുള്ള ശ്രമം നടത്തും. പി.ജെ. ജോസഫിന്റെ സ്വപ്നമായിരുന്ന മലങ്കര മേജര്‍ ടൂറിസം പദ്ധതി നടപ്പാക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സിഗ്നല്‍ ലൈറ്റുകള്സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് നിയമസഭാ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മകനും പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററുമായ അപൂ ജോൺ ജോസഫ്. സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസുമായി ചർച്ചകൾ തുടരുകയാണ്.
പാർട്ടി ചെയർമാൻ ആരോഗ്യവാനാണ്. പി.ജെ.ജോസഫ് മാറുമെന്ന് ആരും പറഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഓടിനടന്ന ആളാണ് പി.ജെ. ജോസഫ്.
നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ ഇനിയും തുടരേണ്ടതുണ്ട്. സീറ്റുകളുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. സ്ഥാനാർഥി പ്രഖ്യാപനം വൈകിയാൽ വിജയ സാധ്യതയെ ബാധിക്കുമെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.
Kerala
തൊടുപുഴ: കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ല. ഇതുവരെ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല. 10 സീറ്റുകള്‍ കേരള കോണ്‍ഗ്രസിനുണ്ട്. ഈ മണ്ഡലങ്ങളില്‍ ജയിക്കുന്ന സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിര്‍ത്തും.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. മുന്നണിയില്‍ പ്രശ്നമുണ്ടെന്നതു മാധ്യമ സൃഷ്ടിയാണ്. ജോസ് കെ. മാണിയുടെ ക്ഷണം തമാശയായേ കാണുന്നുള്ളൂ.
കേരള കോണ്‍ഗ്രസിന്റെ യഥാര്‍ഥ തറവാട് പി.ജെ. ജോസഫ് നയിക്കുന്ന പാര്‍ട്ടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനേക്കാള്‍ നേട്ടം തങ്ങള്‍ ഉണ്ടാക്കിയതായും അപു പറഞ്ഞു.
District News
കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർപ്പൻ വിജയം നേടുമെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഓർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെുപ്പിലെ മിന്നുന്ന വിജയം ഇതിന്റെ മുന്നോടിയാണ്. കോഴിക്കോട് നടന്ന കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനവും ജെഎസ്എസ് കോഴിക്കോട് ജില്ലാ ലയന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണി വിഭാഗത്തിന് യുഡിഎഫിൽ വരാൻ താല്പര്യമുണ്ടെങ്കിൽ അവർ ആദ്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കണം. അപ്പോൾ മുന്നണി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൂടത്തായിയുടെ നേതൃത്വത്തിൽ രാജിവെച്ച് വന്നവരെ അപു ജോൺ ജോസഫ് പാർട്ടി മെംബർഷിപ്പ് നൽകി സ്വീകരിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹൈ പവർ കമ്മിറ്റി മെംബർ ഹെലൻ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ജോർജ് മങ്ങാട്ടിൽ, ടി. മനോജ് കുമാർ, ടെന്നിസൻ ചാത്തംകണ്ടം, ടി.ജെ. റോയി, വിജയൻ ചാത്തോത്ത്, കേരള യൂത്ത് ഫ്രണ്ട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയി അടക്കാപ്പാറ, ടി.പി. ചന്ദ്രൻ, ജെയിംസ് വേളാശേരി, ദീപ ഷൈജോ, ലിജി ഷിജു എന്നിവർ പ്രസംഗിച്ചു.
NRI
ഷിക്കാഗോ: കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫിന് പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ സ്വീകരണം നൽകി. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വിദേശമലയാളികൾ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ നട്ടെല്ലായിരുന്ന കാർഷികമേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രവാസികൾ വെൻച്വർ ക്യാപിറ്റലിസ്റ്റുകളായി കേരളത്തിലെ കാർഷികമേഖലയിൽ പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ചു. മാത്യു തട്ടാമറ്റം, രാജു മാനുങ്കൽ, ബെന്നി കോട്ടപ്പുറം, ബിജു കിഴക്കേക്കുറ്റ്, ഷിബു മുളയാനിക്കുന്നേൽ, ജെയ്ബു കുളങ്ങര, ജോർജ് പണിക്കർ, പ്രവീണ്‍ തോമസ്, സൂസൻ ദാനിയേൽ, ബിനു കൈതക്കത്തൊട്ടിയിൽ, സോയി കുഴിപറന്പിൽ എന്നിവർ പ്രസംഗിച്ചു.
NRI
ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിൽ സുശക്തമായ നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഓർഡിനേറ്റർ അപു ജോൺ ജോസഫ്.
പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് അപു അറിയിച്ചു.